Friday 23 September, 2011

ചരിത്രത്തിന്റെ അടിപ്പാവാട





വോട്ടുചോദിക്കാമ്പോയപ്പൊ ശ്രീധരമ്മാഷ്

കുട്ടിഷ്ണേട്ടാ നമ്മള് ചരിത്രത്തെ മറക്കാമ്പാട്വോ
എന്നൊന്നു ചോദിച്ചതിന്

“നെന്റെ ചരിത്രത്തിനെ

പണ്ട് കെട്ടിച്ചയച്ചതല്ലെടാ..
മറക്കാമ്പറ്റിണില്ല്യെങ്കിൽ

പോയി അവൾടെ അടിപ്പാവാട കഴുകെടാ ”ന്നൊരു
ആട്ടുകിട്ടിയപ്പോഴാണ്

ചരിത്രം കല്യാണം കഴിച്ചിട്ടുണ്ടോ

എന്നൊന്നന്തംവിട്ടന്ന്വേഷിച്ചത്


നോക്കുമ്പൊ ചരിത്രമാരാ മോള്..

ഇടക്കിടക്കോരോരുത്തരെയായി

വെച്ചുകൊണ്ടിരിക്ക്യാന്നല്ലാണ്ടെ

സ്ഥിരമായിട്ടൊരുത്തന്റെ കൂടെ..ങേഹെ..!

ഒരു പീഡനക്കേസുപരാതിയോ

ഒരു ദുർന്നടപ്പുകേസറസ്റ്റോ

ഒന്നുമില്ലാതെ സുഖിച്ചു കഴിയുന്നു..

ഒരുമ്പെട്ടവൾ..!


ഇപ്പോൾ ചരിത്രമെന്നു കേട്ടാൽ

കാർക്കിച്ചു തുപ്പും ഞങ്ങൾ..

ത്ഫൂ..!

Tuesday 20 September, 2011

യയാതി 44 വയസ്സ്



പ്ലേസ്റ്റേഷനിലെല്ലാ കളിയും
ജയിച്ചുനിൽക്കുന്ന മകനേ..

ഇതെന്റെ സമ്മാനം
യയാതി –വീയെസ് ഖാണ്ഡേക്കർ
വിവർത്തനം മാധവൻപിള്ള
ഏയെസ്സിൻ വരകൾക്കൊപ്പം
വളർന്നൊരെൻ നാലഞ്ചുനരയുടെ
വാർദ്ധക്യവുമുണ്ടു കൂട്ടത്തിൽ
കുഴപ്പമില്ലല്ലോ..

അപേക്ഷയൊന്നുമാത്രം..
എടുക്കുക നീയൊന്നെൻ
നരയ്ക്കുന്ന കിനാക്കളെ
പകരം തരികനീയിന്നു വെന്ന
ലോകത്തിൻ കളിപ്പാൻകളം

ഇടറുന്നു കാലം വീണ്ടും
തഴമ്പിച്ച വാക്കിങ്ങ് സ്റ്റിക്കിൽ
തീർക്കട്ടെ യുദ്ധങ്ങൾ ഞാൻ നിൻ
ബാല്യത്തിൻ രസികൻ സ്റ്റിക്കിൽ*
കളിക്കട്ടെ വീണ്ടുമൊന്നെൻ
ക്ഷോഭിച്ചു തീരാത്ത യൗവ്വനം


*Joystick